കൊച്ചി: സംസ്ഥാനത്തെ ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ചീഫ് സെക്രട്ടറിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഹൈക്കോടതി. പദ്ധതി ഡയറക്ടര്‍, കരാറുകാരന്, ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരടക്കം ബന്ധപ്പെട്ടവരെ ഉള്‍പ്പെടുത്തി ചീഫ് സെക്രട്ടറി യോഗം വിളിക്കണമെന്ന് ചീഫ് ജസ്റ്റീസ് നിധിന് ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. ഗതാഗതക്കുരുക്ക് പ്രശ്നം ഗുരുതരമായ വിഷയമാണെന്നും പ്രശ്ന പരിഹാരത്തിനു ബന്ധപ്പെട്ടവര്‍ മുന്‍ഗണന നല്‍കണമെന്നും നിര്‍ദേശിച്ച കോടതി തുടര്‍ന്ന് ഹര്‍ജി വീണ്ടും 10 ദിവസത്തിനുശേഷം പരിഗണിക്കാന്‍ മാറ്റി.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരടങ്ങുന്ന ഉന്നതതല യോഗം നടത്തേണ്ടത് ആവശ്യമാണെന്ന് സര്‍ക്കാരിനു വേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചിരുന്നു. പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവച്ച് കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒ.ജെ. ജനീഷ് നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കുന്നത് ജനപ്രിയ നടപടിയാണെങ്കിലും ഇതു മൂലം കരാറുകാരനുണ്ടാകുന്ന നഷ്ടം ആരാണു നികത്തുകയെന്നു കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ കളക്ടര്‍ക്ക് നിയമ പ്രകാരം അധികാരമുണ്ടോയെന്നാണു പരിഗണിക്കേണ്ടതെന്നും കോടതി പറഞ്ഞു. കളക്ടറുടെ നടപടി ബിഎന്‍എസ്എസ് പ്രകാരമാണെന്നു സര്‍ക്കാര്‍ അറിയിച്ചു. ടോള്‍ പിരിവ് നിര്‍ത്തുന്നതല്ലാതെ മറ്റു മാര്ഗങ്ങളില്ലേയെന്നും കോടതി ആരാഞ്ഞു.